2011 ഡിസംബർ 17, ശനിയാഴ്‌ച

പ്രാര്‍ത്ഥനാനിര്‍ഭരമീപ്രണയം..!!

വരൂ..നമുക്ക് ആ റോഡ്‌ മുറിച്ചുകടന്നു അപ്പുറം കാണുന്ന കാറ്റാടി മരത്തിനിടയിലുടെ നടന്നാല്‍ പ്രകൃതി അനുഗ്രഹിച്ച, ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിക്കുന്ന, തീരങ്ങളില്‍
നുരയിട്ട് അലതല്ലിത്തിമര്‍ക്കുന്ന
മനോഹരമായകടല് ‍കാണാം. ആ കടല്‍ പരപ്പിലുടെ ഈ സായം സന്ധ്യയുടെ സൌന്ദര്യം
അസ്വദിച്ചു കൊണ്ട് നടക്കാം. ഒപ്പം മനോഹരമായ എന്‍റെ പ്രണയ കഥ കേള്‍ക്കാം..
കേള്‍ക്കണോ..? വേണമെങ്ങില്‍ എന്നോടൊപ്പം കൂടിക്കോ.. കുറച്ചു സമയം മനസ്സിലെ
സംഘര്‍ഷത്തിന് അയവ് വരുത്തുന്നതാകും ഈ നടപ്പ്..ഒരു നല്ല കേള്‍വിക്കാരനാകണം
സുഹൃത്ത്..!!
എന്‍റെ ജീവിതത്തിലെ ഒരു നല്ല കൂട്ടുകാരനായിരുന്നു അവന്‍. കുടുംബ ബന്ധത്തെക്കാള്‍ ഒരു കൂട്ടുകാരനു നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. പരിമിതികളില്ലാത്ത ജീവിത
ബന്ധം ആണല്ലോ അത്. നല്ല
കൂട്ടുകാര്‍ എന്നും നമ്മുടെ സമ്പത്ത്‌ ആണല്ലോ ....
അന്ന് ഒരുനാള്‍ അവന്‍ എന്നോട് പറഞ്ഞു എന്‍റെ‌ പെങ്ങളുകുട്ടീടെ ഒരു ഫോട്ടോ എടുക്കണം. നീ ക്യാമറയും കൊണ്ട് നാളെ വീട്ടിലേയ്ക്ക് വാ. പിറ്റേന്ന് ക്യാമറയും കൊണ്ട് അവന്‍റെ
വീട്ടിലേക്ക്
പോയി. ആ യാത്ര ഒരു ജിവിതം മാറ്റിമറിക്കുമെന്നു എനിക്കറിയില്ലായിരുന്നു.
ഞാന്‍ ക്യാമറ കൊണ്ട് നില്ക്കുമ്പോള്‍ അതാ അവള്‍ വരുന്നു. പതിനെട്ടിന്‍റെ
നിറവില്‍ പ്രായത്തേക്കാള്‍ തുടിപ്പുള്ള അവളുടെ ശരീരവും വെളുത്ത നിറവും
ഉണ്ടക്കണ്ണുകളും എന്തോ എന്‍റെ മനസ്സില്‍ വളരെ ആഴ്ന്നിറങ്ങി ആ

സൌന്ദര്യം എന്‍റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. മനസ്സില്‍ എന്തോ
കൂടുകൂട്ടുന്നത് പോലെ തോന്നിയിരുന്നു. ഫോട്ടോയുമെടുത്ത് മടങ്ങുമ്പോഴും
മനസ്സിന്‍റെ ഫ്രെയിമില്‍ അവള്‍ മാത്രമായിക്കഴിഞ്ഞു.
എന്ത് ചെയ്യണം എന്നെനിക്കറിയില്ല പക്ഷെ ഒന്നെനിക്കറിയാം എനിക്കവളെ ഇഷ്ടമായി
എന്ന്. മനസ്സില്‍ തോന്നിയ ഇഷ്ടം അവളോട് പറയാന്‍ പറ്റാതെ ഞാന്‍ ദിവസങ്ങള്‍
വിരഹാര്‍ദ്രമായി തള്ളി നീക്കി. അവള്‍ സ്കൂളില്‍

പോകുമ്പോളും വരുമ്പോളും വഴിയില്‍ മാറിനിന്നു. വെറുതെ ഒന്ന് കാണാന്‍ മാത്രം,
അതും ദൂരെ നിന്ന്. ഞാനറിയാതെ, യാന്ത്രികമായി അവളെ കാണാന്‍ കൊതിച്ച
മനസ്സിനെ എത്ര പണിപ്പെട്ടിട്ടും കഴിയുന്നില്ല. കൂട്ടുകാരികളോട് സംസാരിച്ചു
വരുന്ന അവളുടെ തലയിലെ തട്ടം, ചെറു കാറ്റില്‍ ഇടക്കിടക്ക് തെന്നി വീഴുന്നത്
വലതു കയ്യ് കൊണ്ട് അസ്വസ്ഥയോടെ വലിച്ചിടുന്നത് കണാമായിരുന്നു. എന്‍റെ
മുന്നിലൂടെ നടന്നകലുന്ന അവള്‍ ഇടയ്ക്കിടയ്ക്ക് എന്നെ തിരിഞ്ഞു നോക്കിയത്
എനിക്ക് വല്ലാത്ത ആശ്വാസമായിരുന്നു..ഒപ്പം പ്രതീക്ഷകളും. അവള്‍
കരിമഴിയെഴുതിയ നീണ്ട കണ്ണുകളാല്‍ നിറപുഞ്ഞിരി സമ്മാനിച്ച് നടന്നകലുന്നത്
നോക്കി നില്‍ക്കാന്‍ മാത്രം ഞാന്‍ കാത്തു നിന്നു. മുന്നില്‍ കാണുമ്പോള്‍
പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട് എനിക്കായി മാറ്റിവച്ച പ്രണയമാണോ ആ
കണ്ണുകളില്‍ വിരിയുന്ന ചിരിയുടെ തിളക്കം ?
ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ. ആരോടെങ്കിലും എല്ലാം പറയണം. അവളോട്
സംസാരിയ്ക്കാന്‍...തുറന്ന് പറയാന്‍ എനിക്ക് ആവില്ല. എന്തായാലും എന്‍റെ
മനസ്സിന്‍റെ വിങ്ങല്‍ കൂട്ടുകാരനെ അറിയിക്കാന്‍

തീരുമാനിച്ചു. സര്‍വ്വ ശക്തിയും സംഭരിച്ച് ഞാന്‍ പറഞ്ഞു.
“നിന്‍റെ പെങ്ങളെ മകളെ എനിക്ക് ഇഷ്ടമാണ്“
ഇത്രയും പറഞ്ഞൊപ്പിച്ചു. പിന്നീട് പറയാനുള്ളത് തൊണ്ടയില്‍ തടഞ്ഞു. ഷോക്കേറ്റതു മാതിരി അവന്‍ എന്നെ തറപ്പിച്ചു നോക്കി
“നീ എന്‍റെ നല്ല കൂട്ടുകാരനല്ലേ...ഞാന്‍ എന്നെപ്പോലയാ നിന്നെയും കരുതിയെ..”
ഇപ്പൊ സംസാരിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും. തൊണ്ടയില്‍ വിഴുങ്ങിയ വാക്കുകള്‍ തിരിച്ചെടുത്തു.
“അതേ....ഞാനിഷ്ടപ്പെട്ടുപോയി.. അവളില്ലാതെ
ജീവിക്കാനാവില്ല..എനിക്ക് വിവാഹം കഴിച്ച് തരണം”

ഉഗ്വേദഭരിതമായ കണ്ണുകളോടെയും,, നെഞ്ചിടിപ്പോടെയും ഞാന്‍ അവന്‍റെ ഉത്തരത്തിനായി കാത്തു. ആലോചനയില്‍ മുഴുകി നിന്നതല്ലാതെ അവന്‍ ഒന്നും പറഞ്ഞില്ല.
“ നീ എന്തെങ്കിലും ഒന്ന് പറയ്, ഒന്നും ഒളിച്ചു വെയ്ക്കാതെ
ഞാന്‍ എന്‍റെ മനസ്സാണ് നിനക്ക് മുന്നില്‍ തുറന്നത്, . തെറ്റായെങ്കില്‍ ഈ
കൂട്ടുകാരനോട് ക്ഷമിക്കൂ...”

“റഹീമേ..നമുക്ക് ആലോചിക്കാം, പക്ഷേ അവളുടെ ഇഷ്ടവും കൂടെ ചോദിക്കണമല്ലോ. പക്ഷേ നീ ഒരിക്കലും അവളോട് ഇതേക്കുറിച്ച് സംസാരിക്കരുത്.”
എനിക്ക് ആശ്വാസമായി. അവള്‍ ഇഷ്ടമാണെന്ന് പറയും. പിന്നെ ഞാനെന്തിന്
പേടിക്കണം. ഇഷ്ടമല്ലെങ്കില്‍ എന്തിന് അവള്‍ എന്നെ നോക്കി എന്നും ചിരിക്കണം.
ആ കണ്ണുകള്‍ എന്‍റെ നേര്‍ക്ക് നീളണം..?? അതെ അവള്‍ക്ക് എന്നെ

വളരെ ഇഷ്ടമാണ്.
എന്‍റെ ഉപ്പയും ഉമ്മയും എനിക്ക് കൂട്ടുകാരെപ്പോലെയാണ്. എല്ലാം ഞാന്‍ അവരോട്
ഒരു ചമ്മലോടെ തുറന്ന് പറഞ്ഞു. ആദ്യം എല്ലാ കുടുംബത്തിലും ഉള്ളതുപോലെ
എതിര്‍പ്പുണ്ടായെങ്കിലും പിന്നീട് അവര്‍

പച്ചക്കൊടി കാട്ടി. അന്നെനിക്ക് മനസ്സിലായി എന്‍റെ ഉപ്പയും ഉമ്മയും എന്നെ
എത്രമാത്രം സ്നേഹിക്കുന്നുവെന്ന്.
പിന്നീട് എനിക്ക് പ്രണയാതുരമായ ദിനങ്ങള്‍ തള്ളി നീക്കാന് വിഷമമായി.
കൂട്ടുകാരന് കൊടുത്ത വാക്ക് പാലിക്കാനായി ഞാന്‍ ശ്രദ്ധിച്ചിരുന്നു
ഒരിക്കല്‍പ്പോലും ഞാന്‍ അവളെ കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല.
കൂട്ടുകാരന്‍ മറുപടിയൊന്നും തന്നില്ല. എങ്കിലും അവനോട് ഞാന്‍ പറഞ്ഞു. എന്‍റെ ഉപ്പയും ഉമ്മയും എല്ലാം സമ്മതിച്ചു. ഇനി നിങ്ങടെ ഭാഗത്ത് നിന്നുള്ള
തീരുമാനം മാത്രം മതി.
“ഇല്ലെടാ..എനിക്കെതിര്‍പ്പൊന്നും ഇല്ല..എന്നാല്‍ ഒന്നും
കൂടെ ആലോചിക്കാന്‍ സമയം വേണം, എന്‍റെ പെങ്ങളുടെ കുട്ടിയുടെ ഭാവിയുടെ
കാര്യമല്ലേ..”

അങ്ങനെ നല്ല ഒരു പ്രണയം വിരിയാന്‍ വെമ്പല്‍ കൊണ്ട് നില്ക്കുന്ന സമയം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വില്ലന്‍ കടന്നു വന്നു. ഒരു മനുഷ്യരൂപമില്ലാത്ത വില്ലന്‍....!!
ഞങ്ങളുടെ കുടുംബം സാമ്പത്തികമായി വളരെ പിന്നിലായിരുന്നു. ക്ഷയിച്ചുപ്പോയ
തറവാട്, അത്മാഭിമാനം ഒന്നിന് മുന്നിലും പണയം വെക്കാത്ത ഒരു സാധാരണ കുടുംബം.
ഒപ്പം ക്ലീന്‍ ഇമേജുമായി ഞാനും. അതെല്ലാം എതിര്‍പ്പുകളെ

അതിജീവിക്കാന്‍ പോകുന്നവയായിരുന്നില്ല.
വലിയ തറവാട്ടുകരും സാമ്പത്തികമായി എന്നെക്കാള്‍ ഒരു പാട് മുകളിലും
മലേഷ്യന്‍ സെറ്റില്‍ഡും ആയിരുന്നു അവരുടെ കുടുംബം. ഈ ബന്ധത്തെ ശക്തമായി
മറ്റ് കുടുമ്പാംഗങ്ങള്‍ എതിര്‍ത്തു. എന്ത് ചെയ്യും ? എന്‍റെ

സമയദോഷം എന്ന് പറയട്ടെ വീട്ടിലും നാട്ടിലും ദിവസങ്ങള്‍ കഴിയും തോറും
എതിര്‍പ്പുകള്‍ കൂടി വന്നു. അവളുടെ കുടുംബം, ഇക്കാര്യത്തില്‍ ഒരു
പ്രതിസന്ധിയുടെ വക്കത്തെത്തി. എന്ത് ചെയ്യണം എന്നറിയാത്ത അവരുടെ ഇടയില്‍
ഒരു തീരുമാനം വന്നു ഈ കാര്യം ഉപേഷിക്കാമെന്ന്..!
അങ്ങനെ എന്‍റെ കുട്ടുകാരന്‍ ആ വിവരവുമായ്‌ വന്നു. അവന്‍ പറഞ്ഞു,
കാര്യങ്ങള്‍ കൈ വിട്ടുപോയി, ഇനി എന്തു ചെയ്യണമെന്നു അറിയില്ലാ എന്ന്. ഇതു
കേട്ട ഞാന്‍ എന്‍റെ രണ്ടു കൈയ്യും കൊണ്ട് മുഖം പൊത്തി

ഇരുന്നുപോയി. അത് വരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന മനോഹരമായ ആ പ്രണയത്തെ
ഏറ്റവും കുടുതല്‍ വെറുത്ത സമയമായിരുന്നു അത്. അകമേ കരഞ്ഞുകൊണ്ട് പിന്നെ
ഞാന്‍ ആലോചിച്ചു ഈ പവപ്പെട്ടവനെ ഇനി ആരു സഹായിക്കാന്‍..? നിസ്സഹായനായി
ഇരിക്കുന്ന എന്നെ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു ഇന്ന് നിര്‍ണ്ണായക രാത്രിയാണ്
ഇന്ന് രാത്രി അവസാന തീരുമാനം ആണ് എന്ന്..!!
ആരും ഇല്ലാത്തവന് ദൈവം തുണ എന്‍റെ മനസ്സില്‍ ആ ചിന്ത ഓടിയെത്തി ഞാന്‍
എന്‍റെ പ്രണയത്തെ ദൈവത്തിന്‍റെ കരങ്ങളിലേക്കിട്ടു. ഞാന്‍ പ്രതീക്ഷ
കൈവിട്ടില്ല. എന്‍റെ പ്രണയത്തിന്‍റെ പൂര്‍ത്തികരണത്തിനായ്,

എനിക്ക് ഈ മണ്ണില്‍ പിറക്കാനും അവളെ കണ്ട് മുട്ടാനും അവസരം തന്ന
സര്‍വ്വശക്തനായ ദൈവത്തിന് മുന്നില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിച്ചു.
എന്‍റെ ഭാവിജീവിത്തില്‍ ഒരിണയെത്തരുമെങ്കില്‍ അവളെത്തന്നെ എനിക്ക്
തരണമേയെന്ന് പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്‍റെ
ഹൃദയത്തില്‍ അമൂര്‍ത്തമായ ഒരു സ്നേഹപ്രകാശം നിറച്ചുതന്നെ ദൈവത്തിന് എന്നും
സ്തുതി പറഞ്ഞുകൊണ്ടിരുന്നു.
എന്‍റെ വിശ്വാസത്തിന്‍റെ ദൃഢതകൊണ്ടാവാം അന്ന് രാത്രി കുടുംബാംഗങ്ങളോട് അവള്‍ പറഞ്ഞത്, വിവാഹം കഴിക്കുന്നെങ്കില്‍ അവനെ മാത്രം ആയിരിയ്ക്കും ,അല്ലാതെ മറ്റൊരാളെ എനിക്ക്
വേണ്ടാ എന്ന്..!! അവളുടെ
സന്തോഷമാണല്ലോ അവളുടെ കുടുംബത്തിന്‍റെയും സന്തോഷം. അവള്‍ കരഞ്ഞുകാണാന്‍
കഴിയാതെ നിസ്സഹായരായി അവസാനം അവര്‍ അനുകൂല തീരുമാനം കൈക്കൊണ്ടു.
ആങ്ങനെ ദൈവത്തിന്‍റെ കയ്യില്‍ വന്നു വീണ ആ മനോഹര പ്രണയത്തെ എല്ലാ
അര്ത്ഥത്തിലും അവന്‍ സഹായിച്ചു. സര്‍വ്വശക്തനായ അവന്‍റെ കയ്യിലിരുന്നു ആ
മനോഹര പ്രണയം ഒരു റോസാപ്പൂവിന്‍റെ പരിമളം വിശി

വിരിയുന്നതിന്‍റെ അനുഭൂതി ഞാന്‍ അറിഞ്ഞു. ദൈവത്തെ മുഖാമുഖം കണ്ട
സമയമായിരുന്നു അത്. ഒരു ഭാരവും, ഒരു സങ്കടവും നാം ഏറ്റെടുക്കെണ്ടാ എല്ലാം
അവനില്‍ അര്‍പ്പിക്കുക. നമുക്ക് പരിധികളുണ്ട്, എന്നാല്‍ അതിരുകളില്ലാത്ത
സര്‍വ്വശക്തനായ ദൈവം എത്ര പരിശുദ്ധന്‍..!
അവള്‍ ഇന്നും എന്നോടൊപ്പമുണ്ട്. നല്ല പ്രണയിനിയായി, ഭാര്യയായി, ഒരു നല്ല കുടുംബിനിയായി. പക്ഷെ എന്‍റെ പ്രണയം മുഴുവനായ് ഇന്നും ഞാന്‍ അവള്‍ക്ക് കൊടുത്തിട്ടില്ലാ
എന്നില്‍ നിന്നും ബലമായി അവള്‍ ഇന്നും
അത് പിടിച്ചു വാങ്ങുന്നതിനിടക്ക് പലപ്പോളും സംശയ ദൃഷ്ടിയോടെ അവള്‍ എന്നെ
നോക്കാറുണ്ട്,അവളെ ഞാന്‍ പ്രണയിക്കുന്നില്ലേ എന്ന്..!!
ഇന്ന് പ്രവാസ ജീവിതത്തിനിടക്ക് വരുന്ന അവളുടെ കോളുകളാണ് എന്‍റെ മനസ്സിനെ, ഈ
ചുട്ടുപൊള്ളുന്ന മരുഭൂമിയിലും തണുപ്പിക്കുത്, എന്നെ വിരഹത്തീയില്‍ നിന്ന്
എടുത്തുമാറ്റി സ്നേഹത്തിന്‍റെ ശീതളഛായയിലേക്ക്

അല്പനേരം ഇരുത്തുന്നത്. അപ്പോളൊക്കെ ഞാന്‍ ആലോചിക്കാറുണ്ട് അന്ന് എന്‍റെ
പ്രണയം പൂര്‍ണ്ണതിലെത്തിച്ച ആലംബഹീനരായവര്‍ക്ക് തുണയായ സര്‍വ്വശക്തനായ
ദൈവത്തെക്കുറിച്ച്. എത്ര പ്രകീര്‍ത്തിച്ചാലും അതൊക്കെ കുറഞ്ഞ് പോകും...!!
ഇത്ര മനോഹരമായ കുടുംബ ജീവിതം എനിക്ക് നല്‍കിയ എന്‍റെ
പ്രിയസഖി സൌദാബീവിക്കായ്‌ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു, എല്ലാറ്റിനുമുപരി ഈ
ജീവിതം എനിക്ക് നല്‍കിയ കാരുണ്യവാനായ സര്‍വ്വശക്തനും..!!


റഹിം
കുന്നത്ത്,കുറ്റിപ്പുറം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ